പാറത്തോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പാറത്തോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽസർവകക്ഷിയോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓറഞ്ച് ബുക്ക് വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഡയസ് കോക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോഫി ജോസഫ്, ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി പോലീസ്, കെഎസ്ഇബി അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ, ആരോഗ്യ-റവന്യൂ വകുപ്പ് ജീവനക്കാർ, ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, എമർജൻസി റെസ്പോൺസ് ടീം അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ദുരന്ത ഘട്ടങ്ങളിൽ എത്രയും പെട്ടെന്ന് കൈക്കൊള്ളേണ്ട രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്യുകയും നിർദേശങ്ങൾ രൂപീകരിക്കുകയും അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രത്യേക പഞ്ചായത്ത് സമിതി രൂപീകരിക്കുകയും ചെയ്തു.